Tuesday, June 2, 2020

അങ്ങനെ, പിന്നെയിങ്ങനെ

ഇതിഹാസപ്രകാരം ജീവിതപാത സ്വർഗ്ഗനരകങ്ങളിലേക്കാണ്
തലമുടിനാരിൻ്റെ വീതിയുള്ള പാലത്തിൽ
സ്വർഗ്ഗവാതിൽക്കലൊരു ഞാണിന്മേൽ കളി

പലപ്പോഴും ജീവിതമെന്നാൽ മഴയാണത്രെ
ചന്നം പിന്നം പെയ്തൊഴിയാം
തുള്ളിക്കൊരുകുടമാകാനും  ശ്രമിക്കാം.

ജീവിതം തപസ്യയാണെന്ന്  മന്ത്രി അനുശോചിച്ചു
താടി നീട്ടി ജടാവൽക്കലനായിരിക്കുമ്പോൾ
മേനകയെത്താതിരിക്കില്ലെന്നൊരാശ്വാസം

മരണത്തിലേക്കൊരു യാത്രയാണ് ജീവിതമെന്നു കവിത
വിഡ്ഢിത്തം! ആ ബസ്സിൽ പോകാത്തവർക്കു
'പുതിയ നൂറ്റാണ്ടിൽ അമരത്വ' മെന്ന പ്രബന്ധം വായിക്കാം

അറിവുതേടിയുള്ള യാത്രയാണ് ജീവിതമെന്നു കേട്ടു
സുഖദുഃഖങ്ങളുടെ ആകെത്തുകയിൽ
ദുഃഖങ്ങളുമായി ഒരു വ്യവകലനവ്യവഹാരം

ജീവിതലക്ഷ്യം സേവനമായ കൂട്ടരെയറിയില്ലേ?
നാണയത്തിളക്കത്തിൽ അന്ധരായവരേയും
കരുതലിൻ്റെ കനൽ തെളിച്ചവരേയും പകർത്താം

കേട്ടതിൽ പാതി കേൾക്കാൻ മറന്നൊരു
കണ്ടതിൽ ചിലതു കാഴ്ചമറച്ചൊരു ജീവനം
കടലാണ്, കടലിൻ്റെയോളക്കുളിരാണ്
കാറ്റാണ്, കാറ്റിൻ്റെ കൈകളോടിടയും തിരിയാണ്
വെളിവാണു്, തെളിവിൻ്റെയൊളിയാണ്
കണ്ണിലെ കനിവിൻ്റെ നിറവാണ് ജീവിതം
ഇനിയൊരുവേള നമുക്കു സുഖിച്ചു ജീവിക്കാം
ഇടവേളകളിൽ ജീവിച്ചുസുഖിക്കാം