Tuesday, June 2, 2020

അങ്ങനെ, പിന്നെയിങ്ങനെ

ഇതിഹാസപ്രകാരം ജീവിതപാത സ്വർഗ്ഗനരകങ്ങളിലേക്കാണ്
തലമുടിനാരിൻ്റെ വീതിയുള്ള പാലത്തിൽ
സ്വർഗ്ഗവാതിൽക്കലൊരു ഞാണിന്മേൽ കളി

പലപ്പോഴും ജീവിതമെന്നാൽ മഴയാണത്രെ
ചന്നം പിന്നം പെയ്തൊഴിയാം
തുള്ളിക്കൊരുകുടമാകാനും  ശ്രമിക്കാം.

ജീവിതം തപസ്യയാണെന്ന്  മന്ത്രി അനുശോചിച്ചു
താടി നീട്ടി ജടാവൽക്കലനായിരിക്കുമ്പോൾ
മേനകയെത്താതിരിക്കില്ലെന്നൊരാശ്വാസം

മരണത്തിലേക്കൊരു യാത്രയാണ് ജീവിതമെന്നു കവിത
വിഡ്ഢിത്തം! ആ ബസ്സിൽ പോകാത്തവർക്കു
'പുതിയ നൂറ്റാണ്ടിൽ അമരത്വ' മെന്ന പ്രബന്ധം വായിക്കാം

അറിവുതേടിയുള്ള യാത്രയാണ് ജീവിതമെന്നു കേട്ടു
സുഖദുഃഖങ്ങളുടെ ആകെത്തുകയിൽ
ദുഃഖങ്ങളുമായി ഒരു വ്യവകലനവ്യവഹാരം

ജീവിതലക്ഷ്യം സേവനമായ കൂട്ടരെയറിയില്ലേ?
നാണയത്തിളക്കത്തിൽ അന്ധരായവരേയും
കരുതലിൻ്റെ കനൽ തെളിച്ചവരേയും പകർത്താം

കേട്ടതിൽ പാതി കേൾക്കാൻ മറന്നൊരു
കണ്ടതിൽ ചിലതു കാഴ്ചമറച്ചൊരു ജീവനം
കടലാണ്, കടലിൻ്റെയോളക്കുളിരാണ്
കാറ്റാണ്, കാറ്റിൻ്റെ കൈകളോടിടയും തിരിയാണ്
വെളിവാണു്, തെളിവിൻ്റെയൊളിയാണ്
കണ്ണിലെ കനിവിൻ്റെ നിറവാണ് ജീവിതം
ഇനിയൊരുവേള നമുക്കു സുഖിച്ചു ജീവിക്കാം
ഇടവേളകളിൽ ജീവിച്ചുസുഖിക്കാം

Tuesday, July 28, 2015

പുതപ്പ്‌

തണുപ്പത്ത് പുതച്ചുറങ്ങാൻ എനിക്കിഷ്ടമാണ്
പുതപ്പു വാങ്ങാൻ കാശില്ലെങ്കിലും
തണുപ്പത്തുറക്കം എനിക്കിഷ്ടമാണ്

ഡിസംബറും ജനുവരിയുമെന്നെ
കിടക്കയുടെയുറ്റതോഴനാക്കി
പകലുകളുടെ നീളം കുറഞ്ഞപ്പോൾ
സ്വപ്‌നങ്ങൾ നീളുകയായിരുന്നു
സ്വപ്നവും സത്യവും തമ്മിലെ ദൂരവും

തണുപ്പ് - അവളെൻ്റെയിഷ്ടത്തിനവകാശി
പുതപ്പില്ലാതെ ഞാനുറങ്ങുമ്പോൾ
ഉടുപ്പിനടിയിൽ നുഴഞ്ഞുകയറുന്നു
ചെറുതും വലുതുമായ് പിഞ്ചിത്തുടങ്ങിയ
സ്വപ്നപുതപ്പുകൊണ്ടെന്നെ മൂടുന്നു
ചെവികളിൽ ചേക്കേറിയെന്നെയുണർത്തിയെൻ
രോമകൂപങ്ങള്ക്ക് ജീവൻ പകരുന്നു
ഒടുവിലെൻ നിദ്രയുടെ ചരടുപൊട്ടിച്ചവൾ
എന്നിഷ്ട സംഖ്യകൾ പലകുറി ഗുണിക്കുന്നു

പുതപ്പ് വാങ്ങാൻ കാശിലെങ്കിലും
ഉറക്കത്തിൻ്റെ സുഖവും
പുതപ്പിൻ്റെ വിലയുമറിയാതെ
എനിക്കുറങ്ങാതുറങ്ങണം
പുതപ്പൊന്നു വാങ്ങും വരെ 

Friday, September 18, 2009

കണ്ടപ്പോള്‍‌

കണ്ടപ്പോള്‍‌ മിണ്ടാനാണു തോന്നിയത്‌
ചിരികളില്‍ കണ്ടത് ചിരകാല സൗഹൃദം
മൊഴികളില്‍‌ കേട്ടത് പരിചിതശകലങ്ങള്‍‌
എന്‍റെ കഥബാക്കിയറിയുന്നതിവളുടെ കഥകളില്‍‌

മിണ്ടിയപ്പോള്‍‌ കൂടെക്കൂട്ടാനാണു തോന്നിയത്
ഒരുമിച്ചുണ്ണാനുമൊരുമിച്ചുണരാനും
പരിഭവമഴയില്‍‌ നനഞ്ഞുനടക്കാനും
കഥമുഴുമിപ്പാനുമിനിയൊരു കൂട്ട്

കണ്ടപ്പോള്‍‌ മിണ്ടാനാണു തോന്നിയത്‌
മിണ്ടിയപ്പോള്‍‌ കൂടെക്കൂട്ടാനും

Wednesday, June 25, 2008

ആളും ദൈവവും

ദൈവം ചിരിച്ചു
വായിലൊരു സ്വര്‍ണ്ണപ്പല്ല്
പുതുമയേതും വിടാത്ത കുപ്പായം
അളന്നെടുത്ത അശ്രദ്ധയോടെ
പാറിപ്പറക്കാന്‍‌ വിട്ട മുടി
സമൃദ്ധിയുടെ കൊടുമുടിയില്‍
സിംഹാസനത്തിലിരുന്ന നേരം
പാദങ്ങളില്‍‌ വീഴാന്‍‌ കൊതിച്ചതായിരങ്ങള്‍‌
അനുചരന്‍‌ പറഞ്ഞു "ആരും പൂര്‍‌ണ്ണരല്ല;
അങ്ങൊഴികെ മറ്റാരും"
ജനം ഏറ്റു പറഞ്ഞു
"ഗുരുവിലൂടെ മോക്ഷത്തിലേക്ക്"

ശൂന്യതയില്‍‌ നിന്ന് ടൈറ്റന്‍ വാച്ച്
ഓം ഹ്രീം ഒരുപിടി ഭസ്മം
ഔദാര്യത്തിന്‍റെ കുത്തൊഴുക്ക്
കരുണയുടെ കര്‍ക്കടകം
ഭരിക്കുന്നവരിലേറെയും ഭക്തര്‍
വെളുമ്പരും കറുമ്പരുമായി
ഭക്തരങ്ങു ശീമയിലും

ഒടുവിലൊരുനാള്‍‌
തെറ്റുകുറ്റങ്ങളുടെ കണക്കെടുത്ത കോടതി
ദൈവത്തെ എണ്ണം പഠിക്കാനഴിക്കൂട്ടിലടച്ചു
തന്നിലില്ലാത്തതും തനിക്കില്ലാത്തതും തേടി
ഒരു ദൈവസ്പര്‍‌ശ്ശത്തിനായി
ദൂരമേറെ താണ്ടിയവരെല്ലാം
കോളാമ്പി ചിലച്ചതു കേട്ടില്ല-
"മനസ്സിന്നുള്ളില്‍‌ ദൈവമിരുന്നാല്‍‌
മനുഷ്യനും ദൈവവുമൊന്ന്‌"

Monday, December 24, 2007

കവിത : പത്രാധിപര്‍ക്ക്

പത്രാധിപര്‍ക്കു കത്തെഴുതുമ്പോള്‍
അഭിസംബോധന എങ്ങനെയാവണം
തുടക്കമേ പിഴച്ച മട്ടാണ്‌‌
നനഞ്ഞിറങ്ങി; ഇനി കുളിച്ചു കയറുക തന്നെ.

ഒത്തിരി വായിച്ചാ-
ലിത്തിരി എഴുതാമെന്നു കേട്ടു.

എന്താണെഴുതുക?
നോവല്‍, കഥ, മിനിക്കഥ, മൈക്രോ മിനിക്കഥ...
കവിതയായില്ലെങ്കില്‍
തറവാടിയല്ലെന്നു വരില്ലേ?

വൃത്തന്മാരെ പരിചയമില്ലെങ്കിലും
ഒന്നു രണ്ടുപമക്കുള്ള മരുന്ന് കൈയ്യിലുണ്ട്
സാങ്കേതികപദവിന്യാസത്തിനിടെ
പൊതുവിഞ്ജാനം ചേരുംപടി
കാടടച്ചൊരു വെടി
കവിതയൊന്നു റെഡി

ഒരാവൃത്തി വായിച്ചു
പദകഠിനന് മഷിഭാഗ്യ മണം
മടിച്ചില്ല - പത്രാധിപര്‍ക്ക്,
അച്ചടിയന്ത്രമര്‍ദ്ദ്യയോഗ്യമെങ്കില്‍
മര്‍ദ്ദിച്ചവശനാക്കാനപേക്ഷ
മറിച്ചെങ്കില്‍ "ബ്ലോഗിലിടും ങ്ഹാ..." (ആത്മഗതം)

Tuesday, October 9, 2007

നാട്ടുപടം

വള്ളവും വെള്ളവും

ചേമ്പില

പായലാണേ പായല്‍

Tuesday, September 11, 2007

താരതമ്യം - കവിത

പനിമരണത്തിന്‍റെ കണക്കെടുത്തപ്പോള്‍
മന്ത്രി പറഞ്ഞത്
പ്രതിപക്ഷം ഭരിച്ചപ്പോള്‍
മരിച്ച നൂറാളെപ്പറ്റിയാണ്
ഇന്നത്തെ മരണസംഖ്യയുടെ കുറവ്
ഭരണനേട്ടമാവാതെ തരമില്ല

പിരിയുമ്പോളവള്‍ പറഞ്ഞത്
പ്രേമക്കുരുക്കില്‍ അകപ്പെട്ടതോടെ
നഷ്ടമായ രക്തബന്ധങ്ങളുടെ സ്നേഹക്കണക്ക്‌
അവനില്‍ നിന്നു കിട്ടിയത്
നഷ്ടപ്പെട്ടതിന്‍റെ നാലിലൊന്ന്
ഇനി പിരിയാതെ തരമില്ല