Monday, July 16, 2007

കണ്ടതും കേട്ടതും

ആഗോളതാപനില വിലയിരുത്തിയപ്പോള്‍
പ്രതിസന്ധി പഠിക്കാന്‍ നാലംഗകമ്മിറ്റി
ഓഹരിസൂചിക ഉത്തരത്തില്‍ മുട്ടുന്നു
രണ്ടുനാലു ദിനം കൊണ്ടു മൂക്കു കുത്തുന്നു
പ്രതിരോധം രണ്ടു ശതമാനം കൂട്ടു‌മ്പോള്‍
‍ദാരിദ്ര്യം ഗ്രാഫില്‍ ഒതുങ്ങാതെ വരുന്നു

പ്രൈമറി ക്ലാസ്സുകളില്‍ അരി സൗജന്യം
ഗോപലന്‍റെ മകനു പഠിക്കാന്‍ ലോകബാങ്ക് സഹായം
പൈലറ്റില്ലാത്ത യുദ്ധവിമാനം
സ്വയരക്ഷയ്ക്ക് അണുവിസ്ഫോടനം
രാജ്യരക്ഷയെന്ന ഗുലാനു മുന്നില്‍
അറ്റുപോയ ജീവിതങ്ങള്‍ വെറും ഏഴാം കൂലി
ആരാവും മുഖ്യ ശത്രു?

ദൈവത്തിന്‍റെ വിപണന സാദ്ധ്യത
കൈക്കൂലി കുറ്റമാണെന്ന ബോര്‍ഡിന്‍റെ നിഷ്കളങ്കത
വാതം ചികില്‍സിക്കാന്‍ മന്ത്രി അമേരിക്കിയയിലെത്തിയതും
മണ്ടരിബാധക്കെതിരെ ഉന്നതരെല്ലാം ലണ്ടനിലേക്ക്
വിലക്കയറ്റം ആഗോളപ്രതിഭാസമത്രേ!
മനുഷ്യന്‍റെ വില ആര്‍ക്കറിയാം?

പോളാര്‍ ലാന്‍‌ഡര്‍ ഉപേക്ഷിച്ചെങ്കിലും
ചപ്പുചവറുകള്‍ ഇനി ചൊവ്വയിലേയ്ക്ക്
ഒരു വീട്ടില്‍ ഒരു ടി.വി പദ്ധതി
വിഡ്ഢികളെല്ലാം വോട്ടുപെട്ടിയിലടയിരിപ്പായി

എങ്കിലും, ഇന്നും നിലാവുണ്ട്
മരണത്തിന്‍റെ മണം ഇന്നുമുയരാറുണ്ടെങ്കിലും
ഇരവിന്‍റെ കറുപ്പിനെ നീക്കി
പകലിന്‍റെ വെളുപ്പെത്താറുണ്ട്

Thursday, July 12, 2007

കങ്കസ്ന മങ്കസ്ന

പ്രീ-ഡിഗ്രി കഴിഞ്ഞ് ഇനി എങ്ങോട്ട് എന്നൊരു ചെറിയ ചിന്താകുഴപ്പുവുമായി നടക്കുന്ന കാലം.അവധിക്കാലം ആഘോഴിക്കാന്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അവിടെ കുടുംബം വക ഒരമ്പലമുണ്ട്(കളരി എന്നു പറയും). ഭജന, ചെറിയ തോതിലുള്ള സദ്യവട്ടങ്ങള്‍, സൈക്കിളില്‍ പിരിവിനായുള്ള കറക്കം, വിശേഷ ദിവസങ്ങളിലെ ഒത്തുചേരല്‍ അങ്ങനെ ആകെ രസമാണ്‌. അല്‍‌പ്പം വായന ഇടക്കുള്ളതാണ്‌. കളരി ഭരണ സമിതി സെക്രട്ടറി മോനപ്പന്‍ ചേട്ടന്‍ കുറച്ചു പുസ്തകങ്ങള്‍ തന്നു. ജെയിംസ് ഹാര്‍ഡ്‌ലി ചെസിന്‍‌റെ കുറെ കുറ്റാന്വേഷണ നോലുകളുടെ കൂടെ "കരള്‍ പിളരും കാലം". പറഞ്ഞു വരുന്നത് സി. രാധാകൃഷ്ണനെപ്പറ്റിത്തന്നെയാണ്‌. അനുരാധയുടെ നൊമ്പരങ്ങള്‍ ഒറ്റ്യിരിപ്പിനു വായിച്ചു തീര്‍ത്തു. അന്നാദ്യമായാണ്‌ രാധാകൃഷ്ണന്‍‌റെ ഒരു പുസ്തകം ഞാന്‍ വായിക്കുന്നത്. അതൊടെ അദ്ദേഹത്തിന്‍‌റെ എഴുത്തിന്‍‌റെ ഒരു ആരാധകനായി മാറി. പിന്നീട് വായനശാലകളില്‍ നിന്നും അദ്ദേഹത്തിന്‍‌റെ പുസ്തകങ്ങള്‍ തിരഞ്ഞു പിടിച്ചു വായിച്ചു. ഇനിയും എല്ലാ പുസ്തകങ്ങളും വായിച്ചു തീര്‍ക്കാനയിട്ടില്ല. എങ്കിലും ഇത്തവണ നാട്ടിലെത്തിയാല്‍ വായിക്കാത്ത ചിലത്‌ വാങ്ങണമെന്നുണ്ട്.

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും വായിച്ചിട്ട് നാളേറെയായെങ്കിലും "കങ്കസ്ന മങ്കസ്ന" ഇന്നും കാതുകളില്‍ മുഴങ്ങാറുണ്ട്. ഒടുവില്‍ ഞാന്‍ വായിച്ച "ഒറ്റയടിപ്പാതകള്‍"വരെ എല്ലാം എനിക്കേറെ ഇഷ്ടമായി. ഒട്ടും ദുര്‍ഗ്രഹമല്ലാത്ത രീതിയില്‍ ചുറ്റുമുള്ള ആളുകളുടെ കഥ പറയന്ന അദ്ദേഹത്തെ ഒരിക്കല്‍ നേരിട്ടു കാണാന്‍ ആഗ്രഹമില്ലാതില്ല; കണ്ടാല്‍ എന്തു ചോദിക്കുമെന്നറിയില്ലെങ്കിലും.
എനിക്കേറെ പ്രിയമുള്ളവരില്‍ ഒരാള്‍ - പ്രിയപ്പെട്ട സി. രാധാകൃഷ്ണന്‍

Tuesday, July 10, 2007

മോക്ഷം

ഏതു തീരത്തു ചെന്നടിയണം നാമിനി
ഏതു വേഷപ്പകര്‍‌ച്ചകളാടണം
കാലം വരച്ചിടും നീളും വഴികളില്‍
ഏതു പുണ്യം തേടിയിനിനാമലയണം

ദിവസവുമുണരുന്നു ഉണ്ണുന്നുറങ്ങുന്നു
മനഃസമാധനത്തിനമ്പലം കയറുന്നു
കാണിക്ക വയ്ക്കുന്നു കാവടിയെടുക്കുന്നു
ചിലനേരമുണ്ണാതൊരുപവാസ നാടകം

നേരിന്‍‌റെ നേരെ മുഖം തിരിക്കുന്നു
നേരുനുണ മിശ്രിതം വാക്കില്‍ പുരട്ടുന്നു
കാലന്‍‌റെ വരവോര്‍ത്ത് ഉള്ളമുരുകുന്നു
നാളെകള്‍ കാണുവാന്‍ ആര്‍ത്തിപൂണ്ടോടുന്നു

അറിയാത്ത സ്വര്‍ഗ്ഗങ്ങള്‍ തേടിയലയുന്ന നാം
ഒരു വേള ഒരു പിടി ചാരം,
ഒരു വാഴ, ഒരു തെങ്ങ്
തിരയുന്നതേതൊരു മോക്ഷമാര്‍ഗ്ഗം