Wednesday, June 25, 2008

ആളും ദൈവവും

ദൈവം ചിരിച്ചു
വായിലൊരു സ്വര്‍ണ്ണപ്പല്ല്
പുതുമയേതും വിടാത്ത കുപ്പായം
അളന്നെടുത്ത അശ്രദ്ധയോടെ
പാറിപ്പറക്കാന്‍‌ വിട്ട മുടി
സമൃദ്ധിയുടെ കൊടുമുടിയില്‍
സിംഹാസനത്തിലിരുന്ന നേരം
പാദങ്ങളില്‍‌ വീഴാന്‍‌ കൊതിച്ചതായിരങ്ങള്‍‌
അനുചരന്‍‌ പറഞ്ഞു "ആരും പൂര്‍‌ണ്ണരല്ല;
അങ്ങൊഴികെ മറ്റാരും"
ജനം ഏറ്റു പറഞ്ഞു
"ഗുരുവിലൂടെ മോക്ഷത്തിലേക്ക്"

ശൂന്യതയില്‍‌ നിന്ന് ടൈറ്റന്‍ വാച്ച്
ഓം ഹ്രീം ഒരുപിടി ഭസ്മം
ഔദാര്യത്തിന്‍റെ കുത്തൊഴുക്ക്
കരുണയുടെ കര്‍ക്കടകം
ഭരിക്കുന്നവരിലേറെയും ഭക്തര്‍
വെളുമ്പരും കറുമ്പരുമായി
ഭക്തരങ്ങു ശീമയിലും

ഒടുവിലൊരുനാള്‍‌
തെറ്റുകുറ്റങ്ങളുടെ കണക്കെടുത്ത കോടതി
ദൈവത്തെ എണ്ണം പഠിക്കാനഴിക്കൂട്ടിലടച്ചു
തന്നിലില്ലാത്തതും തനിക്കില്ലാത്തതും തേടി
ഒരു ദൈവസ്പര്‍‌ശ്ശത്തിനായി
ദൂരമേറെ താണ്ടിയവരെല്ലാം
കോളാമ്പി ചിലച്ചതു കേട്ടില്ല-
"മനസ്സിന്നുള്ളില്‍‌ ദൈവമിരുന്നാല്‍‌
മനുഷ്യനും ദൈവവുമൊന്ന്‌"