Tuesday, July 28, 2015

പുതപ്പ്‌

തണുപ്പത്ത് പുതച്ചുറങ്ങാൻ എനിക്കിഷ്ടമാണ്
പുതപ്പു വാങ്ങാൻ കാശില്ലെങ്കിലും
തണുപ്പത്തുറക്കം എനിക്കിഷ്ടമാണ്

ഡിസംബറും ജനുവരിയുമെന്നെ
കിടക്കയുടെയുറ്റതോഴനാക്കി
പകലുകളുടെ നീളം കുറഞ്ഞപ്പോൾ
സ്വപ്‌നങ്ങൾ നീളുകയായിരുന്നു
സ്വപ്നവും സത്യവും തമ്മിലെ ദൂരവും

തണുപ്പ് - അവളെൻ്റെയിഷ്ടത്തിനവകാശി
പുതപ്പില്ലാതെ ഞാനുറങ്ങുമ്പോൾ
ഉടുപ്പിനടിയിൽ നുഴഞ്ഞുകയറുന്നു
ചെറുതും വലുതുമായ് പിഞ്ചിത്തുടങ്ങിയ
സ്വപ്നപുതപ്പുകൊണ്ടെന്നെ മൂടുന്നു
ചെവികളിൽ ചേക്കേറിയെന്നെയുണർത്തിയെൻ
രോമകൂപങ്ങള്ക്ക് ജീവൻ പകരുന്നു
ഒടുവിലെൻ നിദ്രയുടെ ചരടുപൊട്ടിച്ചവൾ
എന്നിഷ്ട സംഖ്യകൾ പലകുറി ഗുണിക്കുന്നു

പുതപ്പ് വാങ്ങാൻ കാശിലെങ്കിലും
ഉറക്കത്തിൻ്റെ സുഖവും
പുതപ്പിൻ്റെ വിലയുമറിയാതെ
എനിക്കുറങ്ങാതുറങ്ങണം
പുതപ്പൊന്നു വാങ്ങും വരെ