Monday, December 24, 2007

കവിത : പത്രാധിപര്‍ക്ക്

പത്രാധിപര്‍ക്കു കത്തെഴുതുമ്പോള്‍
അഭിസംബോധന എങ്ങനെയാവണം
തുടക്കമേ പിഴച്ച മട്ടാണ്‌‌
നനഞ്ഞിറങ്ങി; ഇനി കുളിച്ചു കയറുക തന്നെ.

ഒത്തിരി വായിച്ചാ-
ലിത്തിരി എഴുതാമെന്നു കേട്ടു.

എന്താണെഴുതുക?
നോവല്‍, കഥ, മിനിക്കഥ, മൈക്രോ മിനിക്കഥ...
കവിതയായില്ലെങ്കില്‍
തറവാടിയല്ലെന്നു വരില്ലേ?

വൃത്തന്മാരെ പരിചയമില്ലെങ്കിലും
ഒന്നു രണ്ടുപമക്കുള്ള മരുന്ന് കൈയ്യിലുണ്ട്
സാങ്കേതികപദവിന്യാസത്തിനിടെ
പൊതുവിഞ്ജാനം ചേരുംപടി
കാടടച്ചൊരു വെടി
കവിതയൊന്നു റെഡി

ഒരാവൃത്തി വായിച്ചു
പദകഠിനന് മഷിഭാഗ്യ മണം
മടിച്ചില്ല - പത്രാധിപര്‍ക്ക്,
അച്ചടിയന്ത്രമര്‍ദ്ദ്യയോഗ്യമെങ്കില്‍
മര്‍ദ്ദിച്ചവശനാക്കാനപേക്ഷ
മറിച്ചെങ്കില്‍ "ബ്ലോഗിലിടും ങ്ഹാ..." (ആത്മഗതം)

Tuesday, October 9, 2007

നാട്ടുപടം

വള്ളവും വെള്ളവും

ചേമ്പില

പായലാണേ പായല്‍

Tuesday, September 11, 2007

താരതമ്യം - കവിത

പനിമരണത്തിന്‍റെ കണക്കെടുത്തപ്പോള്‍
മന്ത്രി പറഞ്ഞത്
പ്രതിപക്ഷം ഭരിച്ചപ്പോള്‍
മരിച്ച നൂറാളെപ്പറ്റിയാണ്
ഇന്നത്തെ മരണസംഖ്യയുടെ കുറവ്
ഭരണനേട്ടമാവാതെ തരമില്ല

പിരിയുമ്പോളവള്‍ പറഞ്ഞത്
പ്രേമക്കുരുക്കില്‍ അകപ്പെട്ടതോടെ
നഷ്ടമായ രക്തബന്ധങ്ങളുടെ സ്നേഹക്കണക്ക്‌
അവനില്‍ നിന്നു കിട്ടിയത്
നഷ്ടപ്പെട്ടതിന്‍റെ നാലിലൊന്ന്
ഇനി പിരിയാതെ തരമില്ല

Saturday, September 1, 2007

സാവന്‍‌ദുര്‍ഗ

ബാംഗ്ലൂരില്‍ നിന്നും മഗഡി റോഡില്‍‌ ഏതാണ്ട്‌ 60 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍‌ദുര്‍ഗയായി. മലകയറ്റത്തിനു പറ്റിയൊരിടം. പടുകൂറ്റന്‍ പാറകള്‍ നിറഞ്ഞ ഒരു മലമ്പ്രദേശം. രണ്ടു ബൈക്കുകളില്‍ നാലുപേര്‍. ഏതാണ്ട് ഉച്ചയോടെ അവിടെയെത്തി. കഴിക്കാന്‍ കാര്യമായി ഒന്നും കിട്ടില്ല എന്നു മനസ്സിലാക്കി നേരം കളയാതെ മലകയറ്റം തുടങ്ങി.
പാറകളില്‍ അത്യാവശ്യം പിടുത്തമൊക്കെ ഉണ്‌ട്. രണ്ടുപേര്‍ പാതിവഴി കയറ്റം മതിയാക്കി. ഞങ്ങള്‍ മൂന്നാള്‍ കയറി കയറി മുകളിലെത്തി. അവിടെ ഒരു നന്ദിയുടെ അമ്പലം. താഴേക്കു നോക്കുമ്പോള്‍ നല്ല കാഴ്ച. ഒന്നു, രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.




Monday, July 16, 2007

കണ്ടതും കേട്ടതും

ആഗോളതാപനില വിലയിരുത്തിയപ്പോള്‍
പ്രതിസന്ധി പഠിക്കാന്‍ നാലംഗകമ്മിറ്റി
ഓഹരിസൂചിക ഉത്തരത്തില്‍ മുട്ടുന്നു
രണ്ടുനാലു ദിനം കൊണ്ടു മൂക്കു കുത്തുന്നു
പ്രതിരോധം രണ്ടു ശതമാനം കൂട്ടു‌മ്പോള്‍
‍ദാരിദ്ര്യം ഗ്രാഫില്‍ ഒതുങ്ങാതെ വരുന്നു

പ്രൈമറി ക്ലാസ്സുകളില്‍ അരി സൗജന്യം
ഗോപലന്‍റെ മകനു പഠിക്കാന്‍ ലോകബാങ്ക് സഹായം
പൈലറ്റില്ലാത്ത യുദ്ധവിമാനം
സ്വയരക്ഷയ്ക്ക് അണുവിസ്ഫോടനം
രാജ്യരക്ഷയെന്ന ഗുലാനു മുന്നില്‍
അറ്റുപോയ ജീവിതങ്ങള്‍ വെറും ഏഴാം കൂലി
ആരാവും മുഖ്യ ശത്രു?

ദൈവത്തിന്‍റെ വിപണന സാദ്ധ്യത
കൈക്കൂലി കുറ്റമാണെന്ന ബോര്‍ഡിന്‍റെ നിഷ്കളങ്കത
വാതം ചികില്‍സിക്കാന്‍ മന്ത്രി അമേരിക്കിയയിലെത്തിയതും
മണ്ടരിബാധക്കെതിരെ ഉന്നതരെല്ലാം ലണ്ടനിലേക്ക്
വിലക്കയറ്റം ആഗോളപ്രതിഭാസമത്രേ!
മനുഷ്യന്‍റെ വില ആര്‍ക്കറിയാം?

പോളാര്‍ ലാന്‍‌ഡര്‍ ഉപേക്ഷിച്ചെങ്കിലും
ചപ്പുചവറുകള്‍ ഇനി ചൊവ്വയിലേയ്ക്ക്
ഒരു വീട്ടില്‍ ഒരു ടി.വി പദ്ധതി
വിഡ്ഢികളെല്ലാം വോട്ടുപെട്ടിയിലടയിരിപ്പായി

എങ്കിലും, ഇന്നും നിലാവുണ്ട്
മരണത്തിന്‍റെ മണം ഇന്നുമുയരാറുണ്ടെങ്കിലും
ഇരവിന്‍റെ കറുപ്പിനെ നീക്കി
പകലിന്‍റെ വെളുപ്പെത്താറുണ്ട്

Thursday, July 12, 2007

കങ്കസ്ന മങ്കസ്ന

പ്രീ-ഡിഗ്രി കഴിഞ്ഞ് ഇനി എങ്ങോട്ട് എന്നൊരു ചെറിയ ചിന്താകുഴപ്പുവുമായി നടക്കുന്ന കാലം.അവധിക്കാലം ആഘോഴിക്കാന്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അവിടെ കുടുംബം വക ഒരമ്പലമുണ്ട്(കളരി എന്നു പറയും). ഭജന, ചെറിയ തോതിലുള്ള സദ്യവട്ടങ്ങള്‍, സൈക്കിളില്‍ പിരിവിനായുള്ള കറക്കം, വിശേഷ ദിവസങ്ങളിലെ ഒത്തുചേരല്‍ അങ്ങനെ ആകെ രസമാണ്‌. അല്‍‌പ്പം വായന ഇടക്കുള്ളതാണ്‌. കളരി ഭരണ സമിതി സെക്രട്ടറി മോനപ്പന്‍ ചേട്ടന്‍ കുറച്ചു പുസ്തകങ്ങള്‍ തന്നു. ജെയിംസ് ഹാര്‍ഡ്‌ലി ചെസിന്‍‌റെ കുറെ കുറ്റാന്വേഷണ നോലുകളുടെ കൂടെ "കരള്‍ പിളരും കാലം". പറഞ്ഞു വരുന്നത് സി. രാധാകൃഷ്ണനെപ്പറ്റിത്തന്നെയാണ്‌. അനുരാധയുടെ നൊമ്പരങ്ങള്‍ ഒറ്റ്യിരിപ്പിനു വായിച്ചു തീര്‍ത്തു. അന്നാദ്യമായാണ്‌ രാധാകൃഷ്ണന്‍‌റെ ഒരു പുസ്തകം ഞാന്‍ വായിക്കുന്നത്. അതൊടെ അദ്ദേഹത്തിന്‍‌റെ എഴുത്തിന്‍‌റെ ഒരു ആരാധകനായി മാറി. പിന്നീട് വായനശാലകളില്‍ നിന്നും അദ്ദേഹത്തിന്‍‌റെ പുസ്തകങ്ങള്‍ തിരഞ്ഞു പിടിച്ചു വായിച്ചു. ഇനിയും എല്ലാ പുസ്തകങ്ങളും വായിച്ചു തീര്‍ക്കാനയിട്ടില്ല. എങ്കിലും ഇത്തവണ നാട്ടിലെത്തിയാല്‍ വായിക്കാത്ത ചിലത്‌ വാങ്ങണമെന്നുണ്ട്.

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും വായിച്ചിട്ട് നാളേറെയായെങ്കിലും "കങ്കസ്ന മങ്കസ്ന" ഇന്നും കാതുകളില്‍ മുഴങ്ങാറുണ്ട്. ഒടുവില്‍ ഞാന്‍ വായിച്ച "ഒറ്റയടിപ്പാതകള്‍"വരെ എല്ലാം എനിക്കേറെ ഇഷ്ടമായി. ഒട്ടും ദുര്‍ഗ്രഹമല്ലാത്ത രീതിയില്‍ ചുറ്റുമുള്ള ആളുകളുടെ കഥ പറയന്ന അദ്ദേഹത്തെ ഒരിക്കല്‍ നേരിട്ടു കാണാന്‍ ആഗ്രഹമില്ലാതില്ല; കണ്ടാല്‍ എന്തു ചോദിക്കുമെന്നറിയില്ലെങ്കിലും.
എനിക്കേറെ പ്രിയമുള്ളവരില്‍ ഒരാള്‍ - പ്രിയപ്പെട്ട സി. രാധാകൃഷ്ണന്‍

Tuesday, July 10, 2007

മോക്ഷം

ഏതു തീരത്തു ചെന്നടിയണം നാമിനി
ഏതു വേഷപ്പകര്‍‌ച്ചകളാടണം
കാലം വരച്ചിടും നീളും വഴികളില്‍
ഏതു പുണ്യം തേടിയിനിനാമലയണം

ദിവസവുമുണരുന്നു ഉണ്ണുന്നുറങ്ങുന്നു
മനഃസമാധനത്തിനമ്പലം കയറുന്നു
കാണിക്ക വയ്ക്കുന്നു കാവടിയെടുക്കുന്നു
ചിലനേരമുണ്ണാതൊരുപവാസ നാടകം

നേരിന്‍‌റെ നേരെ മുഖം തിരിക്കുന്നു
നേരുനുണ മിശ്രിതം വാക്കില്‍ പുരട്ടുന്നു
കാലന്‍‌റെ വരവോര്‍ത്ത് ഉള്ളമുരുകുന്നു
നാളെകള്‍ കാണുവാന്‍ ആര്‍ത്തിപൂണ്ടോടുന്നു

അറിയാത്ത സ്വര്‍ഗ്ഗങ്ങള്‍ തേടിയലയുന്ന നാം
ഒരു വേള ഒരു പിടി ചാരം,
ഒരു വാഴ, ഒരു തെങ്ങ്
തിരയുന്നതേതൊരു മോക്ഷമാര്‍ഗ്ഗം

Wednesday, June 27, 2007

സമരസുഖം












*ചിത്രത്തിന് മാതൃഭൂമിയോട് കടപ്പാട്

23-June-2007

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കേണ്ടിയിരുന്ന ദിവസം ചില വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രം തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.

26-Jun-2007

കുത്തകകളുടെ വരവിനെതിരെ പ്രതിക്ഷേധിക്കാന്‍ വ്യപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഹര്‍ത്താല്‍ വന്‍ വിജയം.

അല്‍‌പ്പം പുറകോട്ടു പോയാല്‍-
സദ്ദാമിനെ തൂക്കിലേറ്റിയതിന്‌ കേരളത്തില്‍ ഹര്‍‌ത്താല്‍...

നിത്യേന കാണുന്നത്-
സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ കശപിശയെ തുടര്‍‌ന്ന്‌ മിന്നല്‍ പണിമുടക്ക്‌

ജനത്തെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ പാര്‍ട്ടികാര്‍ക്കിടയില്‍ കടുത്ത മല്‍സരം
പൊതുമുതല്‍ നശിപ്പിക്കല്‍ ചിലര്‍ക്കൊരു ഹോബി
കുറേപ്പേര്‍ക്ക് സമരം നടത്തുന്നത് ഒരു സുഖം
വേറെ കുറേപ്പേര്‍ക്ക് സമരദിനങ്ങളില്‍ വീട്ടിലിരിപ്പ് ഒരു സുഖം

ഒരിക്കല്‍ ഒരു മിമിക്‍സ് പരേഡില്‍ കേട്ടത്-
സമരം ചെയ്യുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യം "വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക", "തൃശൂര്‍ പൂരം തിരുവനന്തപുരത്തേയ്ക്കു മാറ്റുക"

സമരസുഖം പരമസുഖം!

Thursday, June 21, 2007

മിണ്ടാതിരിക്കുന്നവര്‍

അങ്ങനെ വീണ്ടുമൊരു വിദേശയാത്ര കഴിഞ്ഞു.
ബാംഗ്‌ളൂരില്‍ വിമാനമിറങ്ങുമ്പോള്‍ സമയം രാത്രി 10.30
മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു.
സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തില്‍ കുറേ വിദേശയാത്രക്കാരുമുണ്ട്.

പാസ്പോര്‍ട്ടില്‍ മുദ്ര പതിച്ചു കിട്ടി.
ലഗേജ് എടുക്കാനുള്ള വരിയില്‍ സ്ഥാനം പിടിച്ചു.
ഏതാണ്ട് 20 മിനിട്ടു കഴിഞ്ഞു കാണും, ഉച്ചഭാഷിണി ശബ്ദിച്ചു - ഞാന്‍ വന്ന വിമാനത്തിലെത്തിയവരുടെ ലഗേജ് ലഭിക്കാന്‍ വേറൊരു വരിയില്‍ ഇടം പിടിക്കണമത്രെ.
വരി മാറി നിന്നു.
നേരമേറെയായി, പലരും അക്ഷമരായി, ഉച്ചഭാഷിണി വീണ്ടും ശബ്ദിച്ചു - മഴ കാരണം ലഗേജ് കിട്ടാന്‍ താമസ്മുണ്ടാകുമെന്നറിയിച്ചു.
ഏതാണ്ട്‌ 1 മണിക്കൂര്‍ കടന്നു പോയി. ബാഗുകളോരോന്നായി വന്നു തുടങ്ങി.
പലതും നനഞ്ഞിരുന്നു.
രണ്ടുപേര്‍ ബാഗുകളോരോന്നായി ഉന്നം തെറ്റാതെ conveyer belt ലേക്ക്‌ എറിഞ്ഞു തുടങ്ങി.
Handle with care ബാഗുകള്‍ക്കും രക്ഷപെടാനായില്ല.
എല്ലാം കണ്ടും കേട്ടും ക്ഷമിച്ചും നാട്ടുകാരോടൊപ്പം വിദേശികളും.
തിക്കി തിരക്കിട്ടു പുറത്തു കടന്നു
Pre-paid taxi വിളിക്കാനുള്ളവരുടെ നിര കണ്ട് അവിടെ നിന്നോടി രക്ഷപെട്ടു.
ചെന്നു വീണത്‌ 5 കിലോമീറ്റര്‍ പോകാന്‍ 500 രൂപ വാങ്ങിയ ടാക്സിക്കാരന്റെ മുന്നില്‍.
രാത്രി യാത്രക്ക്‌ ഇരട്ടിക്കൂലിയെന്ന്‌ വളയം തിരിക്കുന്നവന്‍.
മഴ പൊടിപൊടിക്കുന്നു.
കയറിയിരുന്നു, ഒരുവിധം വീടു പറ്റി.

"പ്രതികരണശേഷി കൈമോശം വന്ന ഞാനുള്‍പ്പെടുന്ന ഈ സമൂഹം, മനോഭാവത്തിലെ അപാകതകള്‍" എന്നൊക്കെ നെടുവീര്‍പ്പിട്ട്‌ കൂട്ടുകാരുമായി വിശേഷങ്ങളുടെ ഭാണ്ടം അഴിക്കാന്‍ തുടങ്ങി.

Thursday, May 31, 2007

Wai - വായ്‌

ജെറിയെ (എന്റെ തായ്‌വാനി സഹപ്രവര്‍ത്തകന്‍) എപ്പോള്‍ ഫോണില്‍ വിളിച്ചാലും 'വായ്‌' എന്ന അഭിസംബോധനയോടെയാവും സംസാരം തുടങ്ങുക.

ഞാനാണു മറുവശത്തെന്നറിയുമ്പോള്‍ ഇംഗ്ഗീഷിലേക്കു മാറും സംസാരം

'വായ്‌' എന്നാല്‍ ഹലോ എന്നു ചൈനീസില്‍
ജെറി എന്നല്ല, എതാണ്ട്‌ എല്ലാ ചൈനക്കാരും ഫോണ്‍ സംസാരം തുടങ്ങുക 'വായ്‌' എന്നുപറഞ്ഞാണ്‌

ഭാഷയുടെ ഒരു പ്രത്യേകത. എല്ലാ ഇംഗ്ഗീഷ്‌ വാക്കുകള്‍ക്കും തത്തുല്യമായ ചൈനീസ്‌ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നു. ഈ നാട്ടില്‍, വിദേശിയായ എനിക്ക്‌, ഭാഷ ഒരു വലിയ പ്രശ്നമായി തോന്നുന്നു. ഇംഗ്ഗീഷ്‌ അറിയുന്നവര്‍ നന്നേ ചുരുക്കം.

ചൈനീസ്‌ ലിപിക്കുമുണ്ടു പ്രത്യേകത. എഴുതുക എന്നതിനു പകരം വരക്കുകയാണവര്‍ ചെയ്യുന്നതെന്നു തോന്നുന്നു. ഉദാഹരണത്തിന്‌ 'NO SMOKING' എന്നതിന്റെ ചൈനീസ്‌ രൂപം ആകെ 2 അക്ഷരമേ ഉള്ളു. 'NO' എന്നതിന്‌ ഒരക്ഷരം, 'SMOKING' നു വെറൊന്ന്‌. കൊള്ളാം...നല്ല പരിപാടി തന്നെ. എന്തായാലും പഠിക്കാന്‍ എളുപ്പമല്ല എന്നു മനസ്സിലായി.

ചൈനീസ്‌ ഭാഷയെക്കുറിച്ചുള്ള കുറേക്കാര്യങ്ങള്‍ ഇവിടെ ഉണ്ട്‌.

ഭാഷയെപ്പറ്റി പറഞ്ഞു വന്നപ്പോഴാണ്‌ 'ഭൂമിഭാഷ'യെപ്പറ്റി ഓര്‍മ്മ വന്നത്‌. ടി. കെ. സന്തോഷ്‌ കുമാര്‍ എഴുതിയ ഒരു കവിതയാണ്‌ 'ഭൂമിഭാഷ'. ഇവിടെ വായിക്കാം സന്തോഷിന്റെ കവിത. നന്നായിരിക്കുന്നു സന്തോഷ്‌ അഭിനന്ദനങ്ങള്‍. ഇന്ന് എത്രപേര്‍ക്കറിയാം ഈ ഭാഷ?

Monday, May 28, 2007

ചരിത്രാവബോധം

തായ്‌വാനില്‍ എത്തിയിട്ട്‌ ഏതാണ്ടു രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.

ഇനിയും എവിടെയും പോയിട്ടില്ല.

എന്തായലും ഈ വാരാന്ത്യത്തില്‍ ഒരു കറക്കമാകാമെന്ന്‌ കരുതി.

ഓഫീസ്സിലുള്ള ഒരു തായ്‌വാനി ചങ്ങാതി ചില സ്ഥലങ്ങള്‍ പറഞ്ഞു തന്നു.

അങ്ങനെ ഈ ശനിയാഴ്ച നാഷണല്‍ മ്യൂസിയത്തില്‍ എത്തി.

ആകെ കണ്ടത്‌ കുറെ സിറാമിക്‌ പാത്രങ്ങള്‍.

ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാവും, എനിക്കെന്തൊ പാത്രങ്ങളില്‍ അത്ര താല്‍പര്യം തോന്നിയില്ല.

അതിനിടയില്‍ കണ്ട ബുദ്ധന്റെ പ്രതിമ നന്നായി തോന്നി. പടമെടുക്കല്‍ അനുവദനീയമല്ല.

പിന്നെ പുറതിറങ്ങി ഒന്നു രണ്ടു ക്ലിക്കു ചെയ്ത്‌, ഒരു വല്ലായ്മയും മനസ്സിലേറ്റി തിരിച്ചു.




Sunday, May 27, 2007

കളിക്കോപ്പ്‌

എക്സ്‌-ബോക്സ്‌ എന്നാണിതിന്റെ പേര്‌.
വീഡിയോ ഗെയിം രംഗത്ത്‌ മൈക്രോസോഫ്റ്റ്‌ വക ഒരു സാധനം.
സോണിയുടെ പ്ലേസ്റ്റേഷനുമായി വില്‍പ്പനരംഗത്ത്‌ കടുത്ത പോരാട്ടം. അങ്ങനെ നടന്നു പോകും വഴി ഒരു ചൈനീസ്‌ സുന്ദരി എക്സ്‌-ബോക്സ്‌ വില്‍പ്പന കൂട്ടാനുള്ള ചില പൊടിക്കൈകളുമായി നില്‍ക്കുന്നു. വിട്ടില്ല, ഒരു പടമെടുത്തു.

അംബരചുംബികളില്‍ പ്രധാനി - 101

തായ്‌വാനിലെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്ന്‌ 101 എന്നു പേരുള്ള ഈ കെട്ടിടമാണ്‌ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണു 101 ടവര്‍.എന്റെ കാമറയില്‍ എടുത്ത ഒരു ചിത്രം.
101നെക്കുറിച്ചു കൂടുതല്‍ അറിയാന്‍
ലോകത്തിലെ ഉയരം കൂടിയ മറ്റു ടവറുകള്‍: http://www.infoplease.com/ipa/A0001338.html



















Friday, May 25, 2007

തുടക്കം

അങ്ങനെ ഒരു ദിവസം കൂടി കഴിയുന്നു.
ഞാന്‍ എന്തിനാണു ഈ ബ്ലോഗിനു തുനിയുന്നത്‌...എത്ര നാളേക്കാണീ അഭ്യാസം...കണ്ടറിയണം.
എന്തായാലും ഇറങ്ങി തിരിച്ചു.
പേരിടുന്നതിനെക്കുറിച്ചായി ആലോചന.
പ്രിയമുള്ളൊരാള്‍.
ആര്‍ക്ക്‌ ആരോടാണു പ്രിയം?
എന്നോടു പ്രിയമുള്ളവര്‍ എത്രപേര്‍?
എനിക്കു പ്രിയമുള്ളവര്‍ എത്രപേര്‍?
അതൊന്നുമല്ല...ആര്‍ക്കൊക്കെയോ ആരോടൊക്കെയോ പ്രിയം.
എന്തുമാവട്ടെ, പ്രിയമുള്ളൊരാള്‍...