Monday, December 24, 2007

കവിത : പത്രാധിപര്‍ക്ക്

പത്രാധിപര്‍ക്കു കത്തെഴുതുമ്പോള്‍
അഭിസംബോധന എങ്ങനെയാവണം
തുടക്കമേ പിഴച്ച മട്ടാണ്‌‌
നനഞ്ഞിറങ്ങി; ഇനി കുളിച്ചു കയറുക തന്നെ.

ഒത്തിരി വായിച്ചാ-
ലിത്തിരി എഴുതാമെന്നു കേട്ടു.

എന്താണെഴുതുക?
നോവല്‍, കഥ, മിനിക്കഥ, മൈക്രോ മിനിക്കഥ...
കവിതയായില്ലെങ്കില്‍
തറവാടിയല്ലെന്നു വരില്ലേ?

വൃത്തന്മാരെ പരിചയമില്ലെങ്കിലും
ഒന്നു രണ്ടുപമക്കുള്ള മരുന്ന് കൈയ്യിലുണ്ട്
സാങ്കേതികപദവിന്യാസത്തിനിടെ
പൊതുവിഞ്ജാനം ചേരുംപടി
കാടടച്ചൊരു വെടി
കവിതയൊന്നു റെഡി

ഒരാവൃത്തി വായിച്ചു
പദകഠിനന് മഷിഭാഗ്യ മണം
മടിച്ചില്ല - പത്രാധിപര്‍ക്ക്,
അച്ചടിയന്ത്രമര്‍ദ്ദ്യയോഗ്യമെങ്കില്‍
മര്‍ദ്ദിച്ചവശനാക്കാനപേക്ഷ
മറിച്ചെങ്കില്‍ "ബ്ലോഗിലിടും ങ്ഹാ..." (ആത്മഗതം)